പ്രണയം ... ചില ചിന്തകൾ..  ❤


പ്രണയം... എപ്പോഴാവാം അത് ജനിക്കുന്നത്?  ജനിക്കുകയാണോ..?  മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്ന് ഉണരുകയല്ലേ...?  എങ്ങനെ?  മഴയിൽ പൊട്ടിമുളയ്ക്കുന്ന കുമിളുകൾ പോലെയോ..?  അതോ മഴത്തുള്ളികൾ വീണു ചിറകടിച്ചുയരുന്ന ഈയലുകൾ പോലെയോ...?  ഏതായാലും ഒരു മഴയുടെ ആർദ്രത പോലെ എന്തോ ഒന്ന് മനസ്സിനെ സ്പർശിച്ചു കാണണം.. അത് തീർച്ച.. പിന്നെ പല ഭാവമാറ്റങ്ങൾ ഉണ്ടാകും...

  കണ്മുനകളിൽ ഉടക്കിയും പുഞ്ചിരികളിൽ ഊറിയും പ്രണയത്തിന്റെ ശൈശവം കടന്നുപോകും.. പതിയെ പതിയെ സൗഹൃദത്തിന്റെ ചില്ലുകൂട്ടിൽ ഒളിപ്പിച്ച പ്രണയത്തിന്റെ തീവ്രത വാക്കുകൾക്ക് ഇടയിലെ മൗനത്തിനു തീ കൊളുത്തി തുടങ്ങും.. ആകാശം കാണാൻ കൊതിക്കുന്ന പുസ്തകതാളിലെ മയിൽ‌പീലി പോലെ മനസ്സിന്റെ ഉള്ളിൽ പ്രണയം കാത്തിരിക്കും... പിന്നെ എപ്പോഴോ മൗനത്തിന്റെ കുരുക്കുകൾ പൊട്ടിച്ചു കുറ്റസമ്മതം എന്ന പോലെ ഒരു ഏറ്റുപറച്ചിലും കള്ളനാടകങ്ങളും... പൊടിമീശക്കാരന്റെ കുസൃതിതരത്തോടെയും  ചപലതകളോടും കൂടി കൗമാരത്തിലൂടെ അത് വളരും.. ഇരുവഴികളിലൂടെ ഒഴുകുന്ന ജീവിതത്തിന്റെ കൈവഴികൾ കളകളാരവത്തോടെ ഒരു ദിശയിൽ പ്രയാണം ആരംഭിക്കും.. ഒന്നിച്ചു ചേരലിന്റെ വസന്തങ്ങളും വിരഹത്തിന്റെ കൊടും വേനലുകളും ഓർമകളുടെ മഴക്കാലങ്ങളും ആയി ഋതുഭേദങ്ങൾ അവരെ കടന്നു പോകും... ഉച്ചവെയിൽ പോലെ സിരകളെ പൊള്ളിക്കുന്ന ചില സ്പർശങ്ങളും ആയി പ്രണയം അതിന്റെ നിത്യ യൗവനത്തെ പ്രാപിക്കും...

       ആ പുഴ പിന്നെയും ഒഴുകും.. ജീവിതത്തിന്റെ പല കരകൾ കാണും.. പാറക്കൂട്ടങ്ങളിൽ തല തല്ലി ചിതറും.. ഇടയ്ക്ക് പിരിയാം.. പിരിയാതെയിരിക്കാം.. യാത്ര നിലയ്ക്കുന്നില്ല.. ഒഴുകും... ഒഴുകിക്കൊണ്ടേയിരിക്കും..
       
  ഇല്ല... പ്രണയത്തിനു വാർദ്ധക്യം ഇല്ല.. മരണവും... നിലയ്ക്കാതെ അത് അനശ്വരതയുടെ സാഗരത്തിൽ ലയിച്ചു ചേരുക തന്നെ ചെയ്യും.. ഹൃദയത്തിൽ ശാസ്ത്രം ഇനിയും കണ്ടെത്താത്ത ഏതോ ഒരു അറയിൽ വേലിയേറ്റങ്ങളും ഇറക്കങ്ങളും ആയി കുടി കൊള്ളുന്ന ഒരു മഹാസാഗരം ആയി അത് എന്നും തിര അടങ്ങാതെ കുടികൊള്ളും... ബാല്യകൗമാരയൗവനഭാവങ്ങളുടെ അടിയൊഴുക്കുകളോടെ...., ഋതുഭേദങ്ങളുടെ നിറഭേദങ്ങളോടെ... മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പ്രയാണം ചെയ്യുന്ന നിർവചിക്കാൻ ആവാത്ത എന്തോ ഒന്ന്... പ്രണയം.


© @AryaReghuR@yourquote.com. in

അഭിപ്രായങ്ങള്‍

  1. പ്രണയം സമുദ്രത്തിലെ മഞ്ഞു കട്ടപോലെയാണ്... ഒരിക്കലും പിടിതരില്ല... എത്ര എഴുതിയാലും വായിച്ചാലും മതിവരാത്ത അനുഭൂതി .. പക്ഷെ, പ്രണയത്തിന്റെ വിജയത്തിന്റെ ത്രാസ്സ് എപ്പോഴും ഉയർന്നു തന്നെ നില്കുന്നു. .. പറയാനും സ്വപ്‌നങ്ങൾ കാണാനും പ്രണയത്തിനു ഒരായിരം നിർവചനങ്ങളും നിറങ്ങളും ഉണ്ട് ... പക്ഷെ ... ഈ പക്ഷെ എന്നത് അവശേഷിക്കും

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത